അംബാനിക്ക് ഇടിവ്; അതിസമ്പന്നൻ അദാനി
ഏറ്റവും പുതിയ ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് പുറത്തുവരുമ്പോൾ, ഇന്ത്യൻ സമ്പദ്‌ലോകത്ത് അദാനിയുടെ രാജസൂയം; അംബാനിയുടെ സാമ്രാജ്യത്തിൽ വിള്ളൽ, അതേസമയം എ.ഐ കമ്പനികളുടെ കുതിപ്പും കാണാം.
മുകേഷ് അംബാനിയുടെ അപ്രമാദിത്വത്തിന് വിരാമമിട്ട് ഗൗതം അദാനി വീണ്ടും ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായിരിക്കുന്നു. ഏറ്റവും പുതിയ ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് പുറത്തുവരുമ്പോൾ, ഇന്ത്യൻ കോർപ്പറേറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത് വ്യവസായ ഭൂപടത്തിലെ വലിയ തിരുത്തിയെഴുതലുകൾക്കാണ്.
അദാനിയുടെ ഗംഭീര തിരിച്ചുവരവും അംബാനിയുടെ വീഴ്ചയും കണക്കുകൾ അദാനിയുടെ വ്യക്തമായ ആധിപത്യം വരച്ചുകാട്ടുന്നു. വലിയ പ്രതിസന്ധികളെ മറികടന്ന് ഒരു വര്‍ഷത്തിനിടെ 13 ശതമാനത്തിന്റെ വമ്പന്‍ കുതിപ്പോടെ ഗൗതം അദാനിയുടെ ആസ്തി 9.23 ലക്ഷം കോടി രൂപയിലെത്തിയിരിക്കുന്നു. അതേസമയം, റിലയൻസ് സാമ്രാജ്യത്തിന്റെ അധിപനായ മുകേഷ് അംബാനിക്ക് ഈ വർഷം കനത്ത തിരിച്ചടിയാണ് നേരിട്ടത്. അദ്ദേഹത്തിന്റെ ആസ്തിയിൽ 10 ശതമാനത്തിന്റെ വലിയ ഇടിവ് രേഖപ്പെടുത്തി. ഇതോടെ ആകെ സമ്പത്ത് 8.63 ലക്ഷം കോടിയായി ചുരുങ്ങുകയും, രാജ്യത്തെ ഏറ്റവും വലിയ സമ്പന്നൻ എന്ന കിരീടം അദാനിക്ക് അടിയറവ് പറയുകയും ചെയ്തു.
സ്റ്റീൽ കരുത്തിൽ ലക്ഷ്മി മിത്തൽ; കുതിച്ചുയർന്ന് അനിൽ അഗർവാളും ആദ്യ പത്ത് സമ്പന്നരുടെ പട്ടികയിൽ മറ്റ് വമ്പൻ മാറ്റങ്ങളുമുണ്ട്. യൂറോപ്യൻ സ്റ്റീൽ വിപണിയിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ സ്റ്റീൽ ഭീമൻ ലക്ഷ്മി മിത്തൽ ഒറ്റയടിക്ക് എട്ട് സ്ഥാനങ്ങൾ മറികടന്ന് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തി. അദ്ദേഹത്തിന്റെ ആസ്തിയിൽ ഉണ്ടായ 93 ശതമാനത്തിന്റെ അതിശയകരമായ വർധനയാണ് (3.39 ലക്ഷം കോടി രൂപ) ഈ നേട്ടത്തിന് കാരണം. വേദാന്ത റിസോഴ്‌സസിന്റെ അനിൽ അഗർവാൾ 87% വളർച്ചയോടെ 2.08 ലക്ഷം കോടി രൂപയുമായി ഒൻപതാം സ്ഥാനത്തും, ടോറന്റ് ഫാർമയുടെ സമീർ മേത്തയും കുടുംബവും 1.89 ലക്ഷം കോടിയുമായി പത്താം സ്ഥാനത്തുമുണ്ട്.
കോടീശ്വരന്മാരെ സൃഷ്ടിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഇത്തവണത്തെ പട്ടികയിലെ ഏറ്റവും വലിയ വിസ്മയം പുതിയ തലമുറയുടെ സാങ്കേതികവിദ്യയായ നിർമ്മിത ബുദ്ധിയാണ് (AI). ചരിത്രത്തിലാദ്യമായി എഐ മേഖലയിൽ നിന്നുള്ള 19 സംരംഭകരാണ് പട്ടികയിൽ ഇടംപിടിച്ചത്. ഇവരുടെ മൊത്തം സമ്പത്ത് 3.07 ലക്ഷം കോടിയോളം വരും. ഇതിൽ 15 പേരും പുതുമുഖങ്ങളാണ് എന്നത് ശ്രദ്ധേയമാണ്. എഐ സംരംഭമായ ‘വിസ്പർ ഫ്ലോ’യുടെ (Whisper Flow) സ്ഥാപകരായ തനയ് കോത്താരി, സഹജ് ഗാർഗ് എന്നിവർ ചുരുങ്ങിയ കാലംകൊണ്ട് 4,200 കോടി രൂപ വീതം ആസ്തി നേടി പട്ടികയിൽ പ്രവേശിച്ചത് യുവ സംരംഭകർക്ക് വലിയ ആവേശമാണ് നൽകുന്നത്.
ഇന്ത്യയുടെ സമ്പത്ത് കുതിക്കുന്നു; തിളങ്ങി ‘സെൽഫ് മെയ്ഡ്’ സംരംഭകർ കോടീശ്വരന്മാരുടെ എണ്ണത്തിൽ വലിയ വർധനവാണ് രാജ്യത്തുണ്ടായിരിക്കുന്നത്. 1,000 കോടി രൂപയിലധികം ആസ്തിയുള്ളവരുടെ എണ്ണം 1,810 ആയി ഉയർന്നു. ഇവരുടെ സംയോജിത സമ്പത്ത് കഴിഞ്ഞ വർഷത്തേക്കാൾ 12.8% വർധിച്ച് 187.5 ലക്ഷം കോടി രൂപയിലെത്തി. ഇതിലെ ഏറ്റവും വലിയ പ്രത്യേകത, പട്ടികയിലുള്ള 1,266 പേരും പാരമ്പര്യമായി സമ്പത്ത് ലഭിച്ചവരല്ല, മറിച്ച് സ്വന്തം കഠിനാധ്വാനത്തിലൂടെയും ബിസിനസ്സ് ആശയങ്ങളിലൂടെയും വളർന്നുവന്നവരാണ് (Self-Made) എന്നതാണ്. വ്യാവസായിക ഉൽപ്പാദനം (166 പേർ), കെമിക്കൽസ് (142 പേർ), ഫാർമ (136 പേർ) എന്നീ മേഖലകളിൽ നിന്നാണ് കൂടുതൽ പേരും എത്തിയത്.
സമ്പന്നരുടെ തലസ്ഥാനമായി മുംബൈ; കരുത്തറിയിച്ച് വനിതകളും കോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ തന്നെയാണ് മുന്നിൽ (465 പേർ). ഡൽഹി (236 പേർ), ബെംഗളൂരു (129 പേർ) എന്നിവയാണ് തൊട്ടുപിന്നിൽ. ബിസിനസ്സ് രംഗത്തെ സ്ത്രീ മുന്നേറ്റം വ്യക്തമാക്കുന്നതാണ് വനിതാ കോടീശ്വരന്മാരുടെ എണ്ണത്തിലുണ്ടായ വർധന. കഴിഞ്ഞ വർഷം 100 വനിതകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ അത് 131 ആയി ഉയർന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ വനിതകൾ കൂടുതൽ ശക്തമായ സ്വാധീനം ചെലുത്തുന്നു എന്നതിന്റെ സൂചനയാണിത്.








