കിംസ് അവിറ്റിസിൽ പീഡിയാട്രിക് ഹെമറ്റോ-ഓങ്കോളജി ക്ലിനിക്

കിംസ് അവിറ്റിസിൽ പീഡിയാട്രിക് ഹെമറ്റോ-ഓങ്കോളജി ക്ലിനിക്

നെന്മാറ: കുട്ടികളിലെ സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾക്കും ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്കും ലോകോത്തര നിലവാരത്തിലുള്ള ആധുനിക ചികിത്സ ഉറപ്പാക്കാൻ പാലക്കാട് നെന്മാറയിലെ കിംസ് അവിറ്റിസ് ഹോസ്പിറ്റൽ ഒരുങ്ങുന്നു. കുട്ടികളിലെ ക്യാൻസർ, രക്തരോഗങ്ങൾ, അസ്ഥിമജ്ജ സംബന്ധമായ സങ്കീർണ്ണ രോഗങ്ങൾ എന്നിവയ്ക്ക് വിദഗ്ധ പരിചരണം നൽകുന്ന പാലക്കാട് ജില്ലയിലെ ആദ്യത്തെ ‘പീഡിയാട്രിക് ഹെമറ്റോ-ഓങ്കോളജി ക്ലിനിക്കും’ (Pediatric Hemato-Oncology Clinic) അതോടൊപ്പം വിപുലമായ പീഡിയാട്രിക് സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളും ആശുപത്രിയിൽ ആരംഭിക്കുന്നതായി മാനേജ്‌മെന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കുട്ടികളിലെ ക്യാൻസർ ചികിത്സ, രക്തരോഗങ്ങൾ, ബോൺ മാരോ & ഹെമറ്റോപോയറ്റിക് സ്റ്റം സെൽ ട്രാൻസ്‌പ്ലാന്റേഷൻ എന്നിവയിൽ ദീർഘകാല അന്താരാഷ്ട്ര പരിചയസമ്പത്തുള്ള പ്രശസ്ത പീഡിയാട്രിക് ഹെമറ്റോ-ഓങ്കോളജി, ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് വിദഗ്ധൻ ഡോ. രവി ജോഷിയുടെ നേതൃത്വത്തിലാണ് പുതിയ ക്ലിനിക് പ്രവർത്തിക്കുക. കുട്ടികളിലെ ല്യൂക്കീമിയ, ലിംഫോമ, ബ്രെയിൻ ട്യൂമറുകൾ ഉൾപ്പെടെയുള്ള വിവിധ ക്യാൻസർ രോഗങ്ങൾ, തലസീമിയ, സിക്കിൾ സെൽ രോഗം, രക്തസ്രാവ-രക്തം കട്ടപിടിക്കൽ സംബന്ധമായ രോഗങ്ങൾ, ബോൺ മാരോ ഫെയില്യർ സിൻഡ്രോമുകൾ എന്നിവയ്ക്കുള്ള സമഗ്ര രോഗനിർണയവും ലോകോത്തര നിലവാരത്തിലുള്ള ചികിത്സയും ഈ പുതിയ വിഭാഗത്തിൽ ലഭ്യമാകും.

ആഗോളതലത്തിൽ ലഭ്യമാകുന്ന ഏറ്റവും ആധുനികമായ പീഡിയാട്രിക് ഹെമറ്റോ-ഓങ്കോളജി രോഗനിർണയ-ചികിത്സാ സംവിധാനങ്ങൾ പാലക്കാട്ടുകാർക്ക് സ്വന്തം നാട്ടിൽ തന്നെ ലഭ്യമാക്കുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യമെന്ന് കിംസ് കേരള ക്ലസ്റ്റർ ഡയറക്ടറും സി.ഇ.ഓയുമായ ഫർഹാൻ യാസിൻ വ്യക്തമാക്കി. മെട്രോ നഗരങ്ങളിലെ വൻകിട കോർപ്പറേറ്റ് ആശുപത്രികളെ ആശ്രയിക്കാതെ തന്നെ സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലിനിക്കിന് പുറമെ കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനായി വിപുലമായ പീഡിയാട്രിക് സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളും ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. പീഡിയാട്രിക് കാർഡിയോളജി, ന്യൂറോളജി, എൻഡോക്രൈനോളജി, ഗാസ്ട്രോഎൻററോളജി, നെഫ്രോളജി, ഡെവലപ്‌മെന്റൽ പീഡിയാട്രിക്സ്, പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ എന്നീ വിഭാഗങ്ങളിലെ വിദഗ്ധ സേവനങ്ങൾ ഇനിമുതൽ ലഭ്യമാകുമെന്ന് കൺസൽട്ടന്റ് പീഡിയാട്രിക്സ് & നിയോനറ്റോളജി വിഭാഗം വിദഗ്ധൻ ഡോ. വരുണ്‍ ശങ്കര്‍ ടി.ആര്‍. അറിയിച്ചു.

മധ്യകേരളത്തിലെയും പ്രത്യേകിച്ച് പാലക്കാട് ജില്ലയിലെയും ഹെൽത്ത് കെയർ ബിസിനസ്സ് രംഗത്തും ശിശുരോഗ ചികിത്സാ മേഖലയിലും വലിയൊരു നാഴികക്കല്ലാവും കിംസ് അവിറ്റിസിന്റെ ഈ പുതിയ ചുവടുവെപ്പ്. വാർത്താസമ്മേളനത്തിൽ കിംസ് കേരള ക്ലസ്റ്റർ ഡയറക്ടറും സി.ഇ.ഒയുമായ ഫർഹാൻ യാസിൻ, ഡോ: രവി ജോഷി, ഡോ :വരുൺ ശങ്കർ ടി ആർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *