ദ്വീപിലേക്ക് നടപ്പാലം; കടലിനടിയിൽ ഗാർഡൻ; മുഴപ്പിലങ്ങാട് ബീച്ച് അടിമുടി മാറും

മുഴപ്പിലങ്ങാട്: ടൂറിസം രംഗത്ത് മലബാറിന്റെ മുഖ്യ ആകർഷണമായി മുന്നേറുന്ന മുഴപ്പിലങ്ങാട്ട് ബീച്ചിൽ വമ്പൻ പദ്ധതികൾ ഒരുങ്ങുന്നു. ബീച്ചിനോട് ചേർന്നുള്ള ധർമ്മടം ദ്വീപിൽ അണ്ടർവാട്ടർ സ്‌കൾപ്ചർ ഗാർഡനും എലിവേറ്റഡ് നേച്ചർ വാക്കും അടക്കമുള്ള വിപുലമായ പദ്ധതികളാണ് വരാനിരിക്കുന്നത്. 238 കോടി രൂപയുടെ സമഗ്ര വികസന പദ്ധതികളാണ് മുഴപ്പിലങ്ങാട്-ധർമ്മടം ബീച്ച് വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ്-ഇൻ ബീച്ചായ മുഴപ്പിലങ്ങാടിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി നാല് പ്രത്യേക മേഖലകളായി തിരിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിൽ 62 കോടി രൂപ ചെലവിൽ വടക്കുഭാഗത്തെ വികസന പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. എടക്കാട് ഭാഗത്തുനിന്ന് രണ്ട് കിലോമീറ്റർ നീളുന്ന നടപ്പാതയാണ് ഇതിനകം പൂർത്തിയായത്. ശേഷിച്ച ഭാഗത്തെ നടപ്പാത നിർമ്മാണം പുരോഗമിക്കുകയാണ്.

മുഴപ്പിലങ്ങാട് ഭാഗത്ത് അവസാനിക്കുന്ന നടപ്പാത ആകാശപാത വഴി ധർമ്മടം ദ്വീപിന് ബന്ധിപ്പിക്കാൻ ആണ് പദ്ധതി. അര കിലോമീറ്ററിലേറെ കടലിലേക്ക് ഇറങ്ങി നിൽക്കുന്ന ആകാശപാത വഴി സഞ്ചാരികൾക്ക് ധർമ്മടം ദ്വീപിൽ ഇറങ്ങാനാകും. നടപ്പാലം വഴി ദ്വീപിൽ എത്തുന്ന സഞ്ചാരികൾക്ക് കടലിനടിയിലെ കാഴ്ചകൾ ആസ്വദിക്കാൻ പറ്റുന്ന അണ്ടർവാട്ടർ സ്കൾപ്പർ ഗാർഡൻ ധർമ്മടം ദ്വീപിലാണ് ഒരുക്കുക. ഫ്ലോട്ടിംഗ് ഡെക്ക്, ജയന്റ് വീൽ, മ്യൂസിക് ഫൗണ്ടൻ എന്നിവയും കൊച്ചു ദ്വീപിൽ ഉണ്ടാകും.

കെടിഡിസി നിർമ്മിച്ച പഞ്ചനക്ഷത്ര റിസോർട്ടായ ‘മലബാർ കോർട്ട്യാർഡ്’ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആഡംബര സൗകര്യങ്ങളോടുള്ള റിസോർട്ട് മുഴപ്പിലങ്ങാട് ബീച്ചിൽ എത്തുന്ന സഞ്ചാരികൾക്ക് മികച്ച താമസ സൗകര്യമില്ലെന്ന് പരാതിക്ക് പരിഹാരമാണ്. പരിസ്ഥിതി സൗഹൃദമായ നിർമ്മാണ രീതിയിലൂടെ വിനോദസഞ്ചാരികൾക്ക് എല്ലാ ആധുനിക സൗകര്യങ്ങളും ഉറപ്പാക്കുകയാണ് പുതിയ റിസോർട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മുഴപ്പിലങ്ങാട് നടന്ന ചടങ്ങിൽ ഡോ. വി ശിവദാസൻ എം.പി അധ്യക്ഷത വഹിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രഭാകരൻ മാസ്റ്റർ, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം അതുൽ, വൈസ് പ്രസിഡന്റ് കെ.വി നിമിഷ, ജില്ലാ പഞ്ചായത്ത് അംഗം കെ അനുശ്രീ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ടൂറിസം ഡയറക്ടറും കെടിഡിസി മാനേജിംഗ് ഡയറക്ടറുമായ ശിഖ സുരേന്ദ്രൻ, കെടിഡിസി ബോർഡ് ഡയറക്ടർമാരായ ഒ.കെ വാസു, കെ.കെ വത്സരാജ്, ബെന്നി മൂഞ്ചേലി, ബി ബിജു, തോമസ് ടി കീപുരം, അഡ്വ. പി.എം. സുരേഷ് ബാബു, യു. ബാബു ഗോപിനാഥ് തുടങ്ങിയവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *