കണ്ണുരിന്റെ കണക്ടിവിറ്റി പദ്ധതികള്‍ക്ക് പരിഗണന വേണം-ചേംബര്‍
മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള ആധുനിക പൊതുഗതാഗത സംവിധാനങ്ങളുടെ സാധ്യതകള്‍ പരിശോധിച്ച് നടപ്പാക്കണമെന്നും ആവശ്യം
കണ്ണൂര്‍: ജില്ലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും നിര്‍ണായകമായ കണക്റ്റിവിറ്റി പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അടിയന്തര പരിഗണന നല്‍കണമെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് 71ആം വാര്‍ഷിക യോഗം ആവശ്യപ്പെട്ടു. ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനൊപ്പം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികളും അടിയന്തരമായി പൂര്‍ത്തിയാക്കണം. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ജനം നേരിടുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലയിലെ വിവിധ പ്രദേശങ്ങളെ വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന രീതിയില്‍ മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള ആധുനിക പൊതുഗതാഗത സംവിധാനങ്ങളുടെ സാധ്യതകള്‍ പരിശോധിച്ച് നടപ്പാക്കണം. ഇത്തരം കണക്റ്റിവിറ്റി സംവിധാനങ്ങള്‍ ജില്ലയുടെ സമഗ്ര വികസനത്തിനും ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും സഹായകമാകുമെന്നും യോഗം ചൂണ്ടിക്കാട്ടി.
കണ്ണൂരിന്റെ സാമ്പത്തിക വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുന്ന അഴീക്കല്‍ തുറമുഖം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തുറമുഖത്തിന്റെ വികസനത്തോടൊപ്പം യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗതം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം. കൂടാതെ, മംഗളൂരു മുതല്‍ വിഴിഞ്ഞം വരെയുള്ള തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ഉള്‍നാടന്‍ ജലഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. തുറമുഖങ്ങള്‍ തമ്മിലുള്ള മികച്ച കണക്റ്റിവിറ്റി വടക്കന്‍ കേരളത്തിന്റെ വ്യാപാര-വാണിജ്യ മേഖലയുടെ വളര്‍ച്ചയ്ക്കും പുതിയ സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായകമാകുമെന്നും യോഗം വിലയിരുത്തി.
ജില്ലയുടെ വ്യവസായ, വ്യാപാര, ടൂറിസം മേഖലകളുടെ വളര്‍ച്ചയ്ക്ക് മികച്ച ഗതാഗത സംവിധാനവും തുറമുഖ കണക്റ്റിവിറ്റിയും അനിവാര്യമാണെന്നും ഇതിനായി സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും വാര്‍ഷിക യോഗം ആവശ്യപ്പെട്ടു.




