ഉത്തര മലബാറിന്റെ സമഗ്ര വികസനത്തിന് ‘വിഷൻ 2030’; മുഖ്യമന്ത്രിക്ക് സമർപ്പിച്ച് കണ്ണൂർ ഡെവലപ്മെന്റ് ഫോറം
വികസന പദ്ധതികൾക്ക് ആവശ്യമായ സർക്കാർ പിന്തുണയും ഏകോപനവും ഉറപ്പാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. അഡ്വ. ടി ഓ മോഹനൻ എം.എൽ.എ, കണ്ണൂർ ഡെവലപ്മെൻറ് ഫോറം ചെയർമാൻ സി. ജയചന്ദ്രൻ തുടങ്ങിയവരാണ് മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽ കണ്ടു നിവേദനം കൈമാറിയത്.
കണ്ണൂർ: ഉത്തര മലബാറിന്റെ സമഗ്ര വികസനവും സാമ്പത്തിക മുന്നേറ്റവും ലക്ഷ്യമിട്ട് കണ്ണൂർ ഡെവലപ്മെന്റ് ഫോറം (കെഡിഎഫ്) തയ്യാറാക്കിയ ‘വിഷൻ 2030’ വികസനരേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. വിനോദസഞ്ചാരം, വിദ്യാഭ്യാസം, വ്യവസായം, കൃഷി, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ നടപ്പാക്കേണ്ട പദ്ധതികൾ ഉൾക്കൊള്ളുന്നതാണ് നിവേദനം.
വർഷങ്ങളായി വികസനത്തിന്റെ കാര്യത്തിൽ അർഹമായ പരിഗണന ലഭിക്കാത്ത ഉത്തര മലബാറിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി മേഖലയെ നിക്ഷേപ സൗഹൃദവും തൊഴിൽസൗഹൃദവുമായ വികസന കേന്ദ്രമാക്കി മാറ്റുകയാണ് വിഷൻ 2030-ന്റെ ലക്ഷ്യം. വികസന പദ്ധതികൾക്ക് ആവശ്യമായ സർക്കാർ പിന്തുണയും ഏകോപനവും ഉറപ്പാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. അഡ്വ. ടി ഓ മോഹനൻ എം.എൽ.എ, കണ്ണൂർ ഡെവലപ്മെൻറ് ഫോറം ചെയർമാൻ സി. ജയചന്ദ്രൻ തുടങ്ങിയവരാണ് മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽ കണ്ടു നിവേദനം കൈമാറിയത്.
വിനോദസഞ്ചാര മേഖലയിൽ പുതിയ സാധ്യതകൾ
ഉത്തര മലബാറിന്റെ പ്രകൃതിഭംഗിയും പൈതൃകവും പ്രയോജനപ്പെടുത്തി വിനോദസഞ്ചാര മേഖലയിൽ വലിയ മുന്നേറ്റം സാധ്യമാക്കുന്ന നിർദേശങ്ങളാണ് വികസനരേഖയിലുള്ളത്. ബീച്ച് ടൂറിസം സജീവമാക്കുന്നതിനൊപ്പം കടൽത്തീരങ്ങളിൽ വിനോദസഞ്ചാരികൾക്കാവശ്യമായ ഭക്ഷണശാലകൾ, കഫറ്റീരിയകൾ, ഇരിപ്പിടങ്ങൾ, വെളിച്ചം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഒരുക്കണം. രാവിലെ മുതൽ രാത്രി വരെ വിനോദസഞ്ചാരികൾക്ക് പ്രയോജനപ്പെടുത്താവുന്ന രീതിയിൽ ബീച്ചുകൾ വികസിപ്പിക്കണമെന്നും നിർദേശിക്കുന്നു. ധർമടം ദ്വീപ്, മുഴപ്പിലങ്ങാട് ബീച്ച് തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഓഷ്യാനേറിയം, അക്വേറിയം, ഡോൾഫിനേറിയം, കുട്ടികളുടെ പാർക്ക്, റോപ്പ് വേ തുടങ്ങിയ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന സമഗ്ര വിനോദസഞ്ചാര പദ്ധതി നടപ്പാക്കണമെന്നും നിർദേശമുണ്ട്.
യോഗ, ആയുർവേദം, പ്രകൃതിചികിത്സ എന്നിവ സംയോജിപ്പിച്ചുള്ള ഹോളിസ്റ്റിക് ടൂറിസം, പൈതൽമല കേന്ദ്രീകരിച്ചുള്ള സാഹസിക വിനോദസഞ്ചാരം, ട്രക്കിങ് തുടങ്ങിയവയ്ക്കും പ്രാധാന്യം നൽകുന്നു. അഴീക്കോട് വില്ലേജിൽ നിർദേശിച്ചിട്ടുള്ള ഹാൻഡ്ലൂം വില്ലേജ് പദ്ധതി വേഗത്തിലാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
വിദ്യാഭ്യാസ-നൈപുണ്യ വികസനത്തിന് ഊന്നൽ
വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനും പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും വിഷൻ 2030 പ്രാധാന്യം നൽകുന്നു. ചെറുകിട വ്യവസായങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനായി മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണം. മത്സ്യബന്ധന മേഖലയിലെ സാങ്കേതിക അറിവും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ സാധ്യതകളും പ്രയോജനപ്പെടുത്താൻ ഫിഷറീസ് കോളേജ് ആരംഭിക്കണമെന്നും നിർദേശിക്കുന്നു. ജില്ലയിൽ വനിതാ കോളേജുകളുടെ അപര്യാപ്തത പരിഹരിക്കുന്നതിന് തളിപ്പറമ്പ് ഉൾപ്പെടെ ഉത്തര കേരളത്തിലെ വിവിധ മേഖലകളിൽ വനിതാ കോളേജുകൾ സ്ഥാപിക്കണം. കണ്ണൂരിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കേന്ദ്രീയ വിദ്യാലയങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു.
കാസർകോട് കേന്ദ്ര സർവകലാശാലയ്ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യ പിന്തുണ ഉറപ്പാക്കി ഉന്നതവിദ്യാഭ്യാസ ഗവേഷണ കേന്ദ്രമായി വളർത്തുന്നതിനൊപ്പം, വിദേശ സർവകലാശാലകളുടെ സാന്നിധ്യം പ്രയോജനപ്പെടുത്തി ഉത്തര മലബാറിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങളുള്ള നോളജ് സിറ്റി സ്ഥാപിക്കണമെന്ന നിർദേശവും രേഖയിലുണ്ട്.
വ്യവസായ-കാർഷിക മേഖലകളിൽ മൂല്യവർധന
ഉത്തര മലബാറിലെ പരമ്പരാഗത വ്യവസായങ്ങളെയും പ്രകൃതിവിഭവങ്ങളെയും ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചുള്ള വികസനമാണ് വിഷൻ 2030 മുന്നോട്ടുവയ്ക്കുന്നത്. നാടുകാണിയിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ പാർക്കിന്റെ സൗകര്യങ്ങൾ കൂടുതൽ വികസിപ്പിച്ച് പ്രിന്റിങ്, എംബ്രോയ്ഡറി ഉൾപ്പെടെയുള്ള മൂല്യവർധിത പ്രവർത്തനങ്ങൾ വ്യാപിപ്പിക്കണം. കടൽവിഭവങ്ങളുടെ സംസ്കരണത്തിനും കയറ്റുമതിക്കും സഹായകമാകുന്ന സീ ഫുഡ് പാർക്ക് സ്ഥാപിക്കണമെന്നും നിർദേശമുണ്ട്.
കാർഷിക മേഖലയിൽ ഉയർന്ന ഗുണമേന്മയുള്ള നാണ്യവിളകളും മറ്റ് കാർഷിക ഉൽപ്പന്നങ്ങളും സംഭരിക്കാനും സംസ്കരിക്കാനും വിപണനം ചെയ്യാനും കഴിയുന്ന അഗ്രി സോൺ രൂപീകരിക്കണം. ജില്ലയിൽ പ്രവർത്തിക്കുന്ന മരാധിഷ്ഠിത വ്യവസായങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗുണനിലവാര പരിശോധന ഉറപ്പാക്കാൻ വുഡ് ടെസ്റ്റിങ് ലാബ് സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്നു.
പദ്ധതികൾക്ക് ഏകോപിത നടപടി വേണം
വിഷൻ 2030 കേവലം പദ്ധതികളുടെ പട്ടികയല്ലെന്നും ഉത്തര മലബാറിന്റെ വികസനത്തിനായി ജനപ്രതിനിധികൾ, രാഷ്ട്രീയ നേതൃത്വം, ജില്ലാ ഭരണകൂടം, വ്യവസായ-വാണിജ്യ മേഖലകൾ എന്നിവയെ ഒരുമിപ്പിക്കുന്ന വികസന കാഴ്ചപ്പാടാണെന്നും രേഖ വ്യക്തമാക്കുന്നു.
യുവതലമുറയ്ക്ക് സ്വന്തം നാട്ടിൽ തന്നെ മികച്ച വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും ലഭ്യമാക്കുക, വ്യവസായ നിക്ഷേപങ്ങൾ ആകർഷിക്കുക, പരമ്പരാഗത മേഖലകളെ ശക്തിപ്പെടുത്തുക, വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നിവയിലൂടെ ഉത്തര മലബാറിന്റെ സാമ്പത്തിക-സാമൂഹിക പുരോഗതി ഉറപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതികൾ ഘട്ടംഘട്ടമായി നടപ്പാക്കുന്നതിനും വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനും മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്നാണ് കണ്ണൂർ ഡെവലപ്മെന്റ് ഫോറം നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.



