ആയുർവേദ ഹബ്ബാവാൻ കണ്ണൂർ

ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ തുറക്കുന്നത് വമ്പൻ സാധ്യതകൾ

ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിലൂടെ ഇന്ത്യയുടെ തനത് വൈദ്യശാസ്ത്രമായ ആയുർവേദത്തിന്റെ ഹബ്ബായി മാറുകയാണ് കണ്ണൂർ. ചികിത്സ, ടൂറിസം, മരുന്നുനിർമാണം തുടങ്ങിയ രംഗങ്ങളിൽ വൻ നിക്ഷേപ സാധ്യതകളാണ് മുന്നിലുള്ളത്. ആയുർവേദത്തിൽ രാജ്യത്തെ ഏറ്റവും വലിയ സമഗ്ര ഗവേഷണ കേന്ദ്രമായി കണ്ണൂർ കല്യാട് തുടങ്ങിയ ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (ഐ.ആർ.ഐ.എ) മാറുമ്പോൾ തുറക്കുന്നത് വമ്പൻ അവസരങ്ങളാണ്. വിദേശികൾ അടക്കമുള്ളവർക്ക് ആയുർവേദത്തിന്റെ സാധ്യതകൾ ഉപയോഗിക്കാനാവും. ഹോട്ടലുകൾ, ആശുപത്രികൾ, മരുന്നുശാലകൾ, സ്പാ, റിസോർട്ടുകൾ, വെൽനസ് സെന്ററുകൾ തുടങിയവയിൽ കോടികളുടെ നിക്ഷേപമാണ് കണ്ണൂർ കാത്തിരിക്കുന്നത്.

കല്യാട് തുടങ്ങിയ ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രിപിണറായി വിജയൻ, ആരോഗ്യമന്ത്രി വീണ വിജയൻ, കെ.കെ. ശൈലജ എം.എൽ.എ തുടങ്ങിയവർ


ലോകത്തെ പല ആരോഗ്യ സ്ഥാപനങ്ങളും ആയുർവേദ ഗവേഷണവുമായി സഹകരിക്കും. നാൽപ്പത്തിലധികം ദേശീയ അന്തർദേശീയ ഇന്റർ ഡിസിപ്ലിനറി ഗവേഷണ സ്ഥാപനങ്ങൾ ഇതിനകം തന്നെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്നതിന് താൽപര്യം അറിയിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കാൻസർ, ഏജിങ് എന്നിവയിലെ ഗവേഷണത്തിനും അനുബന്ധ രോഗീപരിചരണത്തിനും ഇൻസ്റ്റിറ്റ്യൂട്ട് മുൻഗണന നൽകും. മലബാർ കാൻസർ സെന്റർ ഗവേഷണവുമായി സഹകരിക്കും.
ആയുർവേദ ഗവേഷണത്തിലെ സുപ്രധാന മേഖലകൾ ലക്ഷ്യമിട്ട് ആയുർവേദിക് ബയോളജി ആൻഡ് ട്രാൻസ്ലേഷണൽ ആയുർവേദ, മെഡിസിനൽ പ്ലാന്റ്സ് ആൻഡ് നാച്ചുറൽ പ്രൊഡക്ട്സ്, ട്രാൻസ്ലേഷണൽ ഡ്രഗ് റിസർച്ച്, ക്ലിനിക്കൽ എപ്പിഡെമിയോളജി, ക്ലിനിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് റിസർച്ച്, ഹെൽത്ത് ഹെറിറ്റേജ്, മ്യൂസിയം ആൻഡ് മാനുസ്‌ക്രിപ്റ്റ്സ്, ഐ.സി.ടി സർവീസസ് എന്നീ വകുപ്പുകൾ ഐആർഐഎയിൽ പ്രവർത്തിക്കും.
കല്യാട് 300 ഏക്കർ വിസ്തൃതിയിലുള്ള സ്ഥലത്ത് ആദ്യഘട്ട നിർമാണമാണ് പൂർത്തിയായത്. രാജ്യത്തിന് തന്നെ മാതൃകയായ ഈ ബൃഹത്തായ സ്ഥാപനത്തിന്റെ ആദ്യഘട്ടം 200 കോടി രൂപ ചെലവഴിച്ചാണ് സജ്ജമായത്. 100 കിടക്കകളുള്ള ഗവേഷണ ആശുപത്രിയും ഔഷധസസ്യ ഗവേഷണ കേന്ദ്രവും നഴ്സറിയും താളിയോല പഠന കേന്ദ്രവുമാണ് ആദ്യഘട്ടത്തിൽ സജ്ജമാവുന്നത്. രണ്ടാം ഘട്ടത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുർവേദ മ്യൂസിയം സജ്ജമാക്കും. ആയുർവേദത്തിന്റെ ശാസ്ത്രീയ മഹത്വവും പ്രായോഗിക പ്രയോജനങ്ങളും ഗവേഷണത്തിലൂടെ ലോക സമൂഹവുമായി പങ്കുവെക്കുന്നതാണ് ഈ കേന്ദ്രം. ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളം ലോകത്തിന് നൽകുന്ന മികച്ച സംഭാവന കൂടിയാണ്. താളിയോലകൾ ഉൾപ്പെടെയുള്ള പരമ്പരാഗത അറിവുകൾ ഭാവി തലമുറക്ക് വേണ്ടി സംരക്ഷിക്കുന്നു. ആയുർവേദ രംഗത്തെ മികച്ച രാജ്യാന്തര ഗവേഷണ കേന്ദ്രമായിരിക്കുമിത്.
ഐ.ആർ.ഐ.എയെ രാജ്യത്തെ ആദ്യത്തെ സമഗ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രമായി മാറിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന വേളയിൽ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *