ഇനി വെള്ളിയും പണയം വെക്കാം

ഇനി വെള്ളിയും പണയം വെക്കാം

വെള്ളി (Silver) ആഭരണങ്ങളും നാണയങ്ങളും പാത്രങ്ങളും പണയമായി സ്വീകരിച്ച് വായ്പ നൽകാൻ എല്ലാ ബാങ്കുകൾക്കും എൻ.ബി.എഫ്.സികൾക്കും (NBFCs) അനുമതി നൽകി

കൊച്ചി: സ്വർണ്ണാഭരണങ്ങൾ പണയം വെച്ച് അടിയന്തര ആവശ്യങ്ങൾക്ക് പണം കണ്ടെത്തുന്നതുപോലെ ഇനി മുതൽ കൈവശമുള്ള വെള്ളി ആഭരണങ്ങളും പാത്രങ്ങളും പണയം വെച്ച് വായ്പയെടുക്കാം. 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന റിസർവ് ബാങ്കിന്റെ പുതിയ പരിഷ്കാരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് വെള്ളി പണയത്തിനുള്ള (Silver Loan) അനുമതിയായി.

2026 ഏപ്രിൽ 1 മുതൽ വരുന്ന മാറ്റങ്ങൾ:

ഇതുവരെ രാജ്യത്തെ ഭൂരിഭാഗം പൊതുമേഖലാ-സ്വകാര്യ ബാങ്കുകളിലും സ്വർണ്ണപ്പണയത്തിന് മാത്രമാണ് പ്രത്യേക നിയമങ്ങളും ഏകീകൃത സംവിധാനവും ഉണ്ടായിരുന്നത്. ഭൂരിഭാഗം ബാങ്കുകളും വെള്ളി പണയമായി സ്വീകരിച്ചിരുന്നില്ല. സ്വർണ്ണത്തെ അപേക്ഷിച്ച് വെള്ളിയുടെ മൂല്യം കുറവായതും അതിന്റെ പരിശുദ്ധി പരിശോധിക്കാനുള്ള കൃത്യമായ മാനദണ്ഡങ്ങളുടെ കുറവുമാണ് ഇതിന് കാരണമായിരുന്നത്. സ്വർണ്ണത്തിന് LTV (Loan to Value) നിശ്ചയിച്ചിട്ടുള്ളതുപോലെ വെള്ളിക്ക് കൃത്യമായ വായ്പാ പരിധി നിശ്ചയിച്ചിരുന്നില്ല.

പുതിയ സാമ്പത്തിക വർഷം മുതൽ വെള്ളി പണയത്തെ ഒരു ഔദ്യോഗിക വായ്പാ പദ്ധതിയായി ബാങ്കുകൾ അംഗീകരിക്കണം. പ്രധാന മാറ്റങ്ങൾ ഇവയാണ്:

  • സാർവത്രിക അംഗീകാരം: എല്ലാ ഷെഡ്യൂൾഡ് ബാങ്കുകൾക്കും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾക്കും (NBFCs) വെള്ളി പണയമായി സ്വീകരിച്ച് വായ്പ നൽകാൻ അനുവാദമുണ്ട്. സ്വർണ്ണത്തിന്റേതിന് സമാനമായ സുതാര്യമായ വായ്പാ പരിധി വെള്ളി പണയത്തിനും ബാധകമാക്കും. വിപണി വിലയുടെ നിശ്ചിത ശതമാനം വായ്പയായി ഉപഭോക്താവിന് ലഭിക്കും.
  • പരിധി: ഒരാൾക്ക് പരമാവധി 10 കിലോ വെള്ളി വരെ ഇത്തരത്തിൽ പണയം വെക്കാവുന്നതാണ്. ആഭരണങ്ങൾ, പാത്രങ്ങൾ, നാണയങ്ങൾ എന്നിവ ഇതിനായി ഉപയോഗിക്കാം.
  • പരിശുദ്ധി പരിശോധന: വെള്ളി പണയം സ്വീകരിക്കുന്നതിനായി ബാങ്കുകളിൽ പ്രത്യേക പരിശുദ്ധി പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തും.
  • 925 സ്റ്റെർലിംഗ് സിൽവർ (Sterling Silver): വായ്പ ലഭിക്കണമെങ്കിൽ വെള്ളിയുടെ പരിശുദ്ധി കുറഞ്ഞത് 925 ആയിരിക്കണം.
  • എന്തൊക്കെ പണയം വെക്കാം: ആഭരണങ്ങൾ, പാത്രങ്ങൾ, നാണയങ്ങൾ എന്നിവ പണയമായി സ്വീകരിക്കും. എന്നാൽ വെള്ളിക്കട്ടികൾ (Bars/Bullion) പണയമായി സ്വീകരിക്കില്ല.

ആർ.ബി.ഐ അനുമതി നൽകി എന്നതുകൊണ്ട് മാത്രം എല്ലാ ബാങ്ക് ശാഖകളിൽ നിന്നും നിങ്ങൾക്ക് ഉടൻ വായ്പ ലഭിക്കണമെന്നില്ല. ചില പ്രായോഗിക തടസ്സങ്ങൾ ഇവയാണ്:

ബാങ്കുകളുടെ താല്പര്യം നിർണ്ണായകം

ആർ.ബി.ഐ ഈ വായ്പയ്ക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും, ഇത് നടപ്പിലാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഓരോ ബാങ്കിന്റെയും ബോർഡ് പോളിസിക്ക് (Internal Policy) വിധേയമാണ്.

  • ഒരു ബാങ്ക് തങ്ങളുടെ ശാഖകളിൽ വെള്ളി പണയം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചാൽ, ആർ.ബി.ഐ ഉത്തരവ് ഉണ്ടെന്നു പറഞ്ഞ് നമുക്ക് അവരെ നിർബന്ധിക്കാൻ കഴിയില്ല.
  • സ്വർണ്ണത്തെ അപേക്ഷിച്ച് വെള്ളിയുടെ വില കുറവായതിനാലും സൂക്ഷിക്കാൻ കൂടുതൽ സ്ഥലം വേണ്ടതിനാലും പല പ്രമുഖ ബാങ്കുകളും തുടക്കത്തിൽ ഇതിനോട് വിമുഖത കാട്ടാൻ സാധ്യതയുണ്ട്.
  • അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് സ്വർണ്ണം പണയം വെക്കുന്നതുപോലെ അത്ര ലളിതമല്ല വെള്ളി പണയം. വെള്ളിയുടെ പരിശുദ്ധി അളക്കാൻ പ്രത്യേക മെഷീനുകളോ വൈദഗ്ധ്യമുള്ള പരിശോധകരോ (Appraisers) എല്ലാ ബാങ്ക് ശാഖകളിലും ഉണ്ടാകണമെന്നില്ല. ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തുന്ന ശാഖകളിൽ മാത്രമേ വായ്പ ലഭ്യമാകൂ.
  • ലോക്കർ സൗകര്യം: 10 കിലോ വെള്ളി വരെ ഒരാൾക്ക് പണയം വെക്കാം. ഇത്രയും വലിയ അളവിൽ വെള്ളി സൂക്ഷിക്കാൻ ബാങ്കുകളിൽ വലിയ സേഫ് ലോക്കറുകൾ ആവശ്യമാണ്. നിലവിൽ പല ചെറിയ ശാഖകളിലും ഇതിനുള്ള സൗകര്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *